
കീവ് : ഉക്രൈയ്നില്‍ നൂറുകണക്കിന് സാധാരണക്കാരെ റഷ്യ കൊന്നുതള്ളിയെന്ന ആരോപണവുമായി പാശ്ചാത്യ രാജ്യങ്ങളും ഉക്രൈയ്നും. റഷ്യന്‍ സൈന്യം യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തിയതായും ഇവര്‍ ആരോപിച്ചു. ഇതിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. കീവിനു സമീപം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി മാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു.
300 -ലെറെപ്പേരെയാണ് ഒരുമിച്ച് സംസ്കരിച്ചതെന്ന് ഉക്രൈന് ആരോപിച്ചു. ഇതിനെ ശക്തമായി പിന്താങ്ങുകയാണ് ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, യുഎസ്, നാറ്റോ എന്നീ രാജ്യങ്ങളും. തെരുവില്‍ കിടക്കുന്ന 200ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
280 മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്തെന്ന് സിറ്റി മേയര്‍ അനറ്റോലി ഫെഡോറുക് പറഞ്ഞു. ഒരു പള്ളിക്ക് പിന്നിലെ കുഴിയില്‍ 57 പേരെ കണ്ടെത്തിയതായി ഒരു രക്ഷാപ്രവര്‍ത്തകനും വെളിപ്പെടുത്തി. മൃതദേഹങ്ങളില്‍ പലതും പൂര്‍ണ്ണമായും മൂടിയിരുന്നില്ല.
റഷ്യന്‍ സൈന്യം വംശഹത്യ നടത്തുകയാണെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി പറഞ്ഞു. മനപ്പൂര്‍വം നടത്തിയ കൂട്ടക്കൊലയാണിതെന്ന് ഉക്രൈയ്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. റഷ്യയ്ക്കെതിരെ ഉടനടി അതിശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ജി 7 രാജ്യങ്ങളോട് ഉക്രെയ്നിലെ കുലേബ ആവശ്യപ്പെട്ടു.
നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കൊലപാതകങ്ങളെ ശക്തമായി അപലപിച്ചു. ഇതിൻറെ ഉത്തരവാദികളെ ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ വിചാരണ ചെയ്യണമെന്ന് ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന് എന്നിവ ആവശ്യപ്പെട്ടു. റഷ്യയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നത് സാധ്യമല്ലെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.