
ഇന്ത്യ-യൂറോപ്യന്‍ യൂണിയന് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായും കമ്മീഷന് പ്രസിഡന്റ് ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, ഇന്ത്യ-യൂറോപ്യന്‍ യൂണിയന് തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്തു. വ്യാപാരം, കാലാവസ്ഥ, ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു.
സന്ദര്‍ശന വേളയില്‍ കമ്മീഷന് പ്രസിഡന്റ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് നടക്കുന്ന റെയ്സിന ഡയലോഗിൻറെ മുഖ്യാതിഥിയാണ് വോണ്‍ ഡെര്‍ ലെയ്ന്‍. ആഗോള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ബഹുമുഖ കോണ്‍ഫറന്‍സാണ് റെയ്സിന ഡയലോഗ്.
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റും നരേന്ദ്ര മോദിയും ഇ.യു-ഇന്ത്യ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ ആരംഭിക്കാന്‍ സമ്മതിച്ചതായി EU കമ്മീഷന്റെ പത്രക്കുറിപ്പില്‍ പറയുന്നു. നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതിനും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്യന്‍ യൂണിയന് പറഞ്ഞു.
റഷ്യ-ഉക്രെയ്ന് സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജവും ഡിജിറ്റല്‍ സംക്രമണവും, കണക്റ്റിവിറ്റി, സുരക്ഷയും പ്രതിരോധവും, ഇന്തോ-പസഫിക്കിലെ സഹകരണവുമൊക്കെ ചര്‍ച്ചാവിഷയമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വോണ്‍ ഡെര്‍ ലെയ്ന്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചിരുന്നു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഊര്‍ജ്ജസ്വലവും തന്ത്രപരവുമായ ബന്ധം നിലനില്ക്കുന്നു. രാഷ്ട്രീയ, വ്യാപാര, വാണിജ്യ മേഖലയിലും കാലാവസ്ഥ, സുസ്ഥിരത, ഡിജിറ്റല്‍ സാങ്കേതിക വശങ്ങള് എന്നിവയില്‍ വിശാലവും ആഴത്തിലുള്ളതുമായ ബന്ധമാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റിൻറെ സന്ദര്‍ശനം യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ ബഹുമുഖ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമായിരിക്കും എന്നാണ് വിലയിരുത്തല്‍.