
ബെര്‍ലിന്‍ : ഹരിത-സുസ്ഥിര വികസനത്തിനായി ഇന്ത്യക്ക് 10 ബില്യണ്‍ യൂറോ സഹായ വാഗ്ദാനവുമായി ജര്‍മ്മനി. ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്സും കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഇന്ത്യയുടെ ഹരിത വികസന പദ്ധതികളില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ച ജര്‍മ്മനി 2030 വരെയാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്മെന്റല് കണ്സള്ട്ടേഷൻെറ (IGC) ഭാഗമായിട്ടായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച .
ഇന്ത്യയില്‍ റിന്യൂവബിള്‍ എനര്‍ജി, ഹൈഡ്രജന്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള സാങ്കേതിക സഹായങ്ങള്‍, ഗ്രീന്‍ഹൌസ് ഗ്യാസ് എമ്മിഷന്‍, ജൈവവൈവിധ്യ സംരക്ഷണം, കൃഷിഭൂമികളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന കരാറിലാണ് ഇരു രാഷ്ട്ര നേതാക്കളും കഴിഞ്ഞ ദിവസം ഒപ്പുവച്ചത്. കുടിയേറ്റം, ആണവ മേഖലയിലെ ഗവേഷണങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുരക്ഷിതമായ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കല്‍ എന്നീ വിഷയങ്ങളിലും ഇന്ത്യയും ജര്‍മ്മനിയും ധാരണയായിട്ടുണ്ട്.
ഇതുകൂടാതെ ഉക്രൈന് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും എടുത്ത ശക്തമായ നിലപാടുകള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാവണമെന്നും ഒലാഫ് ഷോല്‍സ് കൂടിക്കാഴ്ചയുടെ ഭാഗമായി മോദിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വിഭാഗത്തിനും ഈ യുദ്ധത്തില്‍ വിജയിക്കാനാവില്ല എന്ന സമദൂര നിലപാടായിരുന്നു ഇത്തവണയും ഈ വിഷയത്തില്‍ മോദിയുടെ ഭാഗത്തുനിന്നുമുണ്ടായത്.