
ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍ പോയതായി പൊലീസ്. വിജയ് ബാബുവിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഗോവയിലാണെന്ന് വിജയ് ബാബു പറഞ്ഞത് പ്രകാരം തിരിച്ചില്‍ നടത്തിയരുന്നുവെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ തെളിവുകളുടെ അടക്കം സഹായത്തോടെ മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തും. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്ന് കഴിഞ്ഞ ദിവസം വിജയ് ബാബു പ്രതികരിച്ചിരുന്നു. അതേസമയം വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പുറമേ മറ്റൊകു കേസ് കൂടി പൊലീസ് രജിസറ്റര്‍ ചെയ്യും. കേസില്‍ ഇരയുടെ പേര് ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ വെളിപ്പെടുത്തിയതിനാണ് കേസെടുക്കുക. യഥാര്‍ത്ഥ ഇര താനാണെന്നാണ് വിജയ് ബാബു പറഞ്ഞത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് പേടിയില്ലെന്ന് വിജയ് ബാബു പറഞ്ഞു.
പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനിയുടെ പേരും അദ്ദേഹം വെളിപ്പെടുത്തി. ഇരയുടെ പേര് പറഞ്ഞതുകൊണ്ട് ഉണ്ടാകുന്ന നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണ്. തൻറെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ദുഖം അനുഭവിക്കുമ്പോള്‍ എതിര് കക്ഷി സുഖമായി ഇരിക്കുകയാണ്. തനിക്കെതിരെ പരാതി നല്കിയ ആളുടെ പേര് എന്ത് കൊണ്ട് പുറത്ത് വരുന്നില്ലെന്നും, ഇതൊരു മാറ്റമാകട്ടെയെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. വെറുതെ വിടാന്‍ ആലോചിക്കുന്നില്ലെന്നാണ് വിജയ് ബാബു ലൈവില്‍ പറഞ്ഞത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് നടനെതിരായ കേസ്. ബലാല്‍സംഗം, കടുത്ത ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.