
ഡബ്ലിന്‍ : അയര്‍ലണ്ടിനെ തളര്‍ത്താന്‍ പുതിയ കോവിഡ് വേരിയന്റ് ഇടയാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. യുകെയില്‍ ഇതുവരെ 1,200 -ലധികം ഒമിക്റോണ്‍ എക്സ് ഇ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും അയര്‍ലണ്ടില്‍ ഈ വേരിയന്റിൻറെ ഒരു കേസ് മാത്രമേ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഞ്ച് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പുതിയ കോവിഡ് ‘അവതാരം’ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇതിനെ ആശങ്കയുടെ വകഭേദമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശ്വാസം നല്‍കുന്നതാണ്. ബി എ 2വിനെ അപേക്ഷിച്ച് എക്സ് ഇ യുടെ വളര്‍ച്ചാ നിരക്ക് 10 ശതമാനമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
വ്യാപനത്തില്‍ ഒമിക്രോണിനെ കടത്തിവെട്ടുന്നതാണ് എക്സ് ഇ വേരിയൻറെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ഇമ്മ്യൂണോളജി പ്രൊഫ കിംഗ്സ്റ്റണ്‍ മില്‍സ് പറയുന്നു. പുതിയ സ്ട്രെയിന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്കിലും എത്താന്‍ സാധ്യതയുണ്ടെന്ന് പ്രൊഫ കിംഗ്സ്റ്റണ്‍ മില്‍സ് ഓര്‍മ്മപ്പെടുത്തുന്നത്.
നിലവിലുള്ള ഒമിക്രോണ്‍ ബി എ 1, ബി എ.2 സ്ട്രെയിനുകളുടെ സംയോജനമാണ് പുതിയ അവതാരമായ ഒമിക്റോണ്‍ എക്സ് ഇ എന്ന് പ്രൊഫ. പ്രൊഫ കിംഗ്സ്റ്റണ്‍ മില്‍സ് പറയുന്നു. പുതിയ വേരിയന്റ് ഗുരുതരമല്ലെങ്കിലും പ്രായമായവര്‍ക്കും ദുര്‍ബലര്‍ക്കും വാക്സിനേഷന് എടുക്കാത്തവര്‍ക്കും വലിയ ഭീഷണിയാകുമെന്ന് പ്രൊഫ. മില്‍സ് പറഞ്ഞു.
ലക്ഷക്കണക്കിന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരവധി പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് വലിയ സാധ്യതയാണുള്ളത്. വാക്സിൻറെ പ്രതിരോധ ശേഷിയെ മറികടന്നും വേരിയന്റുകള്‍ രൂപപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.
ഒറ്റ ദിവസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ മാത്രം 742 പേരാണ് ചികില്‍സ തേടിയെത്തിയത്. ഇവരില്‍ 48 പേര് ഐസിയുവിലാണ്.
ആന്റിജന്‍ പരിശോധനയിലുള്പ്പടെ 4,195 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 14,98,834 ആയി ഉയര്‍ന്നു.