
വാര്‍സ : ഉക്രൈയ്നെ സഹായിക്കുന്നതിനായി മിഗ്-29 ജെറ്റുകള്‍ യുഎസിന് കൈമാറാന്‍ സന്നദ്ധതയറിയിച്ച് പോളണ്ട്. മിഗ് -29 യുദ്ധവിമാനങ്ങള്‍ അമേരിക്കയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പോളണ്ട് മിഗ്-29 വിമാനങ്ങള്‍ അധികം വൈകാതെ ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ യുഎസിന് ലഭ്യമാക്കുന്നതിനായി സൗജന്യമായി എത്തിച്ചു കൊടുക്കും. ഉക്രൈനിയന്‍ പൈലറ്റുമാര്‍ക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ ലഭിക്കുമെന്നും വാര്‍സോ പറഞ്ഞു.
പോളണ്ട്-ഉക്രെയ്ന് അതിര്‍ത്തിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉക്രെയ്നിൻറെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വിമാനത്തിനായി കുലേബ സമ്മര്‍ദ്ദം ചെലുത്തിയതായി സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് പോളണ്ടില്‍ നിന്നും വിമാനമെത്തിക്കാന്‍ ധാരണയായത്.
യുദ്ധവിമാനങ്ങള്‍, ആക്രമണ വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യമെന്ന് കുലേബ പറഞ്ഞു.
നാറ്റോ രാജ്യങ്ങളില്‍ നിന്നും ഉക്രൈന് വിമാനങ്ങള്‍ നല്‍കുന്നത് സജീവ ചര്‍ച്ചയിലാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു. നിശ്ചിത സമയമൊന്നും പറയാനാവില്ല. എന്നിരുന്നാലും ഇക്കാര്യം പരിഗണനയിലുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.