
കോപ്പന് ഹേഗന്‍ : കോവിഡ് നിയന്ത്രണങ്ങളെ ആദ്യം വലിച്ചെറിഞ്ഞ് ലോകത്തിന് മാതൃക കാട്ടിയ ഡെന്മാര്ക്കിന് തെറ്റുപറ്റിയോ ഈ ചര്‍ച്ചയാണിപ്പോള്‍ ലോകമെമ്പാടും നടക്കുന്നത്. കോവിഡ് വിലക്കുകളില്‍ നിന്നും ജനങ്ങളെ സധൈര്യം തുറന്നുവിട്ട ഡെന്മാര്ക്ക് നടപടി ലോകം ചര്‍ച്ച ചെയ്തതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോഴത്തെ കോവിഡ് പെരുക്കവും വിമര്‍ശിക്കപ്പെടുന്നത്. ഡെന്മാര്ക്കിൻറെ വിജയമാതൃക പിന്തുടരാന് ശ്രമിക്കുന്ന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവവികാസങ്ങളെന്നാണ് സൂചന.
എല്ലാ നിയന്ത്രണങ്ങളും നീക്കിയതിനെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം ഡെന്മാര്ക്കില് കുതിച്ചുയരുകയാണ്. ഫെബ്രുവരിയുടെ തുടക്കത്തിലാണ് ഡെന്മാര്ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. ലോകമെമ്പാടും, പ്രത്യേകിച്ച് യുഎസിലും ഇത് വലിയ ചര്‍ച്ചയായി.
ഇന്‍ഡോര്‍ മാസ്ക്, വാക്സിന് പാസ്പോര്ട്ടുകള്, നൈറ്റ്ക്ലബ് അടച്ചുപൂട്ടല്‍ എന്നിവയില്‍ നിന്നുള്ള ഡെന്മാര്ക്കിൻറെ മോചനം അവിടെ ആഘോഷിക്കപ്പെട്ടു. യുഎസിലുടനീളമുള്ള ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫേയ്സ് മാസ്ക് നിയമങ്ങള്‍ റദ്ദാക്കാനും തുടങ്ങിയിരുന്നു.
ഡെന്മാര്ക്ക് ലോകത്തെ മറ്റെവിടത്തെക്കാളും ഉയര്‍ന്ന കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് തുടരുകയാണ്. കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും മരണങ്ങളും മൂന്നിലൊന്ന് വര്‍ദ്ധിച്ചു.
ഡെന്മാര്ക്കിന് ഇത് നല്ലതായി തോന്നുന്നില്ലെന്ന് സ്ക്രിപ്സ് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൻറെ സ്ഥാപകനും ഡയറക്ടറുമായ ഡോ. എറിക് ടോപോള്‍ പറഞ്ഞു. ഇവിടെ കോവിഡ് മരണങ്ങളില്‍ 67% വര്‍ധിച്ചതായും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതിനേക്കാള്‍ മോശമാണ് ഡെന്മാര്ക്കിലെ സ്ഥിതിയെന്ന് പല ആരോഗ്യ വിദഗ്ധരും വിമര്‍ശിക്കുന്നു. ഡെന്മാര്ക്കിലെ പകര്‍ച്ചവ്യാധി സാഹചര്യം വേണ്ടത്ര വ്യക്തമാക്കുന്നതല്ലെന്ന് ഡാനിഷ് സര്‍ക്കാരിൻറെ ഉപദേശകന് കൂടിയായ രാഷ്ട്രീയ ശാസ്ത്രജ്ഞന് മൈക്കല്‍ ബാംഗ് പീറ്റേഴ്സണ് ട്വീറ്റ് ചെയ്തു.