
വാര്‍സ : പോളണ്ടിന് സമീപത്തെ ലിവിവ് യാവോറിവ് സൈനിക താവളത്തിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. 134 പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം മിസൈലുകള്‍ പ്രയോഗിച്ചതായാണ് ഉക്രൈനിൻറെ ആരോപണം.
ഉക്രൈനിയന്‍ സൈന്യത്തെ പരിശീലിപ്പിക്കാന്‍ നാറ്റോ ഉപയോഗിച്ചിരുന്നത് ഈ സൈനിക താവളമായിരുന്നു. വെസ്റ്റില്‍ നിന്ന് ഉക്രൈയ്നെ ആക്രമിക്കാനുള്ള റഷ്യയുടെ ആദ്യ നീക്കമാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തല്‍.
ഉക്രേനിയന്‍ തലസ്ഥാനമായ കീവ് ഒരു കോട്ടയായി രൂപാന്തരപ്പെട്ടതായി അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണിക്കുന്നു. തകര്‍ന്ന കവചിത വാഹനങ്ങളും ടാങ്ക് വിരുദ്ധ പ്രതിരോധവുമെല്ലാം വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കീവിലേക്ക് മുന്നേറുന്നതിനായി റഷ്യന്‍ സൈന്യം നഗരത്തിന് പുറത്ത് വീണ്ടും സംഘടിക്കുന്നതും കാണാം. അതിനിടെ അമേരിക്കന്‍ ഫോട്ടോ ജേണലിസ്റ്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ബ്രെന്റ് റെനോഡ്, കീവിനു പുറത്തുള്ള ഇര്‍പിന്‍ പട്ടണത്തില്‍ വെടിയേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ മരിക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടറാണ് ഇദ്ദേഹം.
സംഘര്‍ഷത്തില്‍ ഇതുവരെ 1,300 ഉക്രൈനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി പറഞ്ഞു.ചര്‍ച്ചകളില്‍ നല്ല മാറ്റങ്ങളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞു.റഷ്യന്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് സെലെന്‍സ്കിയും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.