
ഫിന്‍ലന്‍ഡും അയല്‍ രാജ്യമായ സ്വീഡനും നാറ്റോയില്‍ അംഗമാകാനുള്ള നീക്കം ശക്തമാക്കിയതോടെ റഷ്യയുടെ പുതിയ പടയൊരുക്കം. ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലേക്ക് വന്‍ സൈനിക വ്യൂഹത്തെ അയച്ചിരിക്കുകയാണ് റഷ്യ. ഇരു രാജ്യങ്ങളും നാറ്റോ അംഗമായാല്‍ മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും റഷ്യ ഭീഷണിപ്പെടുത്തി.
റഷ്യയുടെ ഉക്രൈന് അധിനിവേശമാണ് യൂറോപ്പിൻറെ സൈനിക സഹകരണ സഖ്യമായ നാറ്റോയില്‍ അംഗമാകണമെന്ന ഈ ചെറു യുറോപ്യന്‍ രാജ്യങ്ങളുടെ ആഗ്രഹം ശക്തമാക്കിയത്. ഫിന്‍ലന്‍ഡില്‍ 55 ലക്ഷവും സ്വീഡനില്‍ ഒരു കോടിയുമാണ് ജനസംഖ്യ. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്സനും നാറ്റോ അംഗത്വത്തിനായി നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇത് റഷ്യയെ പ്രകോപിപ്പിക്കുകയും ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലേക്ക് വന്‍ സൈനിക വ്യൂഹത്തെ അയക്കുകയും ചെയ്തു.
സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോ അംഗമായാല്‍ മേഖലയിലെ സാഹചര്യം മോശമാകുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നല്കി.
യൂറോപ്യന്‍ യൂണിയന് അംഗങ്ങള്‍ ആണെങ്കിലും നാറ്റോയില്‍ അംഗത്വം വേണ്ട എന്നായിരുന്നു ഇതുവരെ ഫിന്ലന്ഡിൻറെയും സ്വീഡൻറെയും നിലപാട്. എന്നാല്‍ റഷ്യയുടെ ഉക്രൈനെതിരെയുള്ള ആക്രമണം ഭയന്ന് ജനങ്ങളില്‍ ഭൂരിപക്ഷവും നാറ്റോ അംഗത്വത്തിന് അനുകൂലമായി. സെപ്റ്റംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സ്വീഡനില്‍ പ്രധാനമന്ത്രി മഗ്ദലിന ആന്ഡേഴ്സണ് നാറ്റോ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി.
ഫിന്‍ലന്‍ഡില്‍ നാറ്റോയില്‍ ചേരാനുള്ള നിര്‍ദേശം അടുത്ത ആഴ്ച തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഈ സാഹചര്യത്തിലാണ് ഭീഷണിയുമായി റഷ്യ രംഗത്തെത്തിയത്. 1340 കിലോമീറ്റര്‍ ദൂരം റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹമാണ് ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലേക്ക് എത്തുന്നത്.
ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വ അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കും എന്നാണ് നാറ്റോയുടെ പ്രതികരണം. കൂടുതല്‍ രാജ്യങ്ങള്‍ നാറ്റോ അംഗത്വം നേടുന്നതിനെ അമേരിക്കയും പിന്തുണയ്ക്കും.